രാജ്യത്തെ എല്ലാ ഒറ്റവരി ദേശീയ പാതകളും രണ്ടുവരി പാതകളാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. റോഡുകൾക്ക് എൻഎച്ച് (നാഷണൽ ഹൈവേ) പദവി ലഭിക്കണമെങ്കിൽ ഇരുവശവും പാകിയ രണ്ടുവരി പാതകളായിരിക്കണമെന്നത് നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മലമ്പ്രദേശങ്ങളിൽ ഒറ്റ വരി പാതകൾക്ക് എൻഎച്ച് പദവി നൽകുന്നതിന് തടസ്സമുണ്ടാകില്ല.
കൃത്യമായ പരിസ്ഥിതി പഠനത്തിന് ശേഷം മാത്രമായിരിക്കും ഇവ രണ്ടു വരിയാക്കുന്നതിനെ കുറിച്ച് ആലോചിക്കുക. മലമ്പ്രദേശങ്ങളിലെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇവിടങ്ങളിൽ റോഡ് വികസനം നടത്തുകയുള്ളു. ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ നിർമാണ പദ്ധതിയിലാണ് ഇന്ത്യ ഏർപ്പെട്ടിരിക്കുന്നത്. അടുത്ത 15 വർഷത്തിൽ രാജ്യത്ത് 50,000 കിലോമീറ്റർ ഹൈവേ നിർമിക്കും.
2023 നവംബർ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിൽ 146,145 കിലോമീറ്റർ റോഡ് ഹൈവേ ശൃംഖലയാണുള്ളത്. ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് ഇവയിൽ 10% മാത്രമാണ് ഒറ്റവരി പാതകൾ. നാല് വരിയോ അതിൽ കൂടുതലോ ഉള്ള ഹൈവേ 46,179 കിലോമീറ്ററും ഇരുവശങ്ങളും പാകിയ രണ്ടു വരി പാതകൾ 85,096 കിലോമീറ്ററും ആണ്. കൂടുതൽ വാഹനങ്ങളെ വഹിക്കാൻ ശേഷിയുള്ള 6 വരി പാതകൾ, 8 വരി പാതകൾ എന്നിവ നിർമിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.