മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി (MGNREGS) 12,000-14,000 കോടി രൂപ കൂടി അനുവദിക്കാൻ കേന്ദ്രം. ഈ സാമ്പത്തിക വർഷത്തേക്ക് അധികമായി അനുവദിച്ച 16,000 കോടി രൂപ തീരാറായ സാഹചര്യത്തിലാണ് വീണ്ടും തുക അനുവദിക്കുന്നത്. പുതിയ വിഹിതം അനുവദിക്കുന്നതോടെ 2023-24 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിക്കുള്ള മൊത്തം വകയിരുത്തൽ 88,000- 90,000 കോടി രൂപയാകും.
വ്യാപകമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 2023-24 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി വിഹിതം 60,000 കോടി രൂപയായി ചുരുക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്. രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കുടുംബങ്ങൾക്ക് 100 ദിവസത്തെ ജോലി ഉറപ്പു നൽകുന്നതാണ് പദ്ധതി. ഈ വർഷം ഇതു വരെ 245.41 കോടി തൊഴിൽ ദിനങ്ങളാണ് നൽകിയത്. മാർച്ചോടെ ഇത് 294 കോടിയിലെത്തിയേക്കും.
അതേസമയം പദ്ധതി കൂടുതൽ ഫലപ്രദമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ് സർക്കാർ. അനുവദിക്കുന്ന ഫണ്ടിന്റെ 30 ശതമാനത്തോളം പാഴാകുന്നുവെന്നാണ് കണക്കാക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ജനുവരി ഒന്നു മുതൽ തൊഴിലുറപ്പ് വേതനം നൽകുന്നതിനായി ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (ABPS) അവതരിപ്പിച്ചിരുന്നു. എ.ബി.പി.എസ് പ്രകാരം തൊഴിലുറപ്പ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടും തൊഴിലുറപ്പ് കാർഡും തമ്മിൽ ബന്ധിപ്പിക്കും. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ തെറ്റായ അക്കൗണ്ടുകളിലേക്കും യോഗ്യരല്ലാത്തവരുടെ അക്കൗണ്ടുകളിലേക്കും മറ്റും പണം പോകുന്നതിൽ 10 ശതമാനത്തോളം കുറവു വരുമെന്നാണ് വിലയിരുത്തൽ.