ചാറ്റ് ജിപിടിയും മൈക്രോസോഫ്റ്റും പങ്കാളിത്തത്തിലേക്ക്: വമ്പന്‍ നിക്ഷേപം നടത്തിയതായി സൂചന

0
69

സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തുന്ന ചാറ്റ് ജിപിടിയില്‍ മൈക്രോസോഫ്റ്റ് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തിയതായി വാര്‍ത്തകള്‍. ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായും കമ്പനി. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍, എത്ര ഡോളറാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.
2019 മുതല്‍ ഇരു കമ്പനികളും സഹകരണത്തിലുണ്ടെങ്കിലും പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടം എന്നാണ് പുതിയ ചുവടു വയ്പ്പിനെ ഇരു കമ്പനികളും വിശേഷിപ്പിക്കുന്നത്. ആവശ്യപ്പെടുന്നതെന്തും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചെയ്തു തരാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ എന്ന തരത്തില്‍ ചാറ്റ് ജിപിടി ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിന്‍ ബിങ്ങിലും സോഫ്റ്റ് വെയറുകളിലുമടക്കം ചാറ്റ് ജിപിടി സാങ്കേതിക വിദ്യ വിനിയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു. എന്തായാലും ഏറെ ആകാംഷയോടെയാണ് ഇരു കമ്പനികളുടെയും സഹകരണ വിപുലീകരണത്തെ ടെക്ക് ലോകം വീക്ഷിക്കുന്നത്.