വരിസംഖ്യയോടെയുള്ള ചാറ്റ് ജിപിടി പ്ലസ് പതിപ്പ് പുറത്തിറക്കി ഓപ്പണ്‍ എഐ. ആദ്യം ഇറക്കിയ സൗജന്യ പതിപ്പിനേക്കാള്‍ കൂടുതല്‍ വിപുലീകരണങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. 20 ഡോളറാണ് പ്രതിമാസ വരിസംഖ്യയായി ചാറ്റ് ജിപിടി പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ നല്‍കേണ്ടി വരിക. നിലവില്‍ യുഎസില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. അധികം വൈകാതെ മറ്റ് രാജ്യങ്ങളിലും ലഭ്യമാകും. വേഗത്തിലും കൂടുതല്‍ പ്രാധാന്യത്തോടെയും പ്ലസ് ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി സേവനം ലഭ്യമാകും. പല ഘട്ടങ്ങളിലായി ലഭിച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിരവധി മാറ്റങ്ങളോടെയാണ് ചാറ്റ് ജിപിടി പ്ലസ് പുറത്തിറക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. വിപ്ലവകരമായ സാങ്കേതിക ചുവടു വയ്പായി കണക്കാക്കുന്ന ചാറ്റ് ജിപിടിയില്‍ മൈക്രോസോഫ്റ്റ് വന്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. നിലവില്‍ എതിരാളികളില്ലെങ്കിലും ഗൂഗിളും ബൈഡുവുമടക്കം ചാറ്റ് ജിപിടിക്ക് സമാനമായ പ്ലാറ്റ്‌ഫോമുകള്‍ക്കായുള്ള പരിശ്രമത്തിലാണ്.