ചെറുതോണിയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. പഴയ പാലത്തേക്കാള്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ പണിയുന്ന പാലത്തിന്റെ 95 ശതമാനം നിര്‍മാണ പ്രവര്‍ത്തിയും പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഏപ്രില്‍ മാസം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുതോണി അണക്കെട്ടിന് സമീപം ഉയരമുള്ള പാലത്തിന്റെ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം പുതിയ പാലത്തിനുള്ള പ്രപ്പോസല്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുവദിച്ച 17.55 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു.