കേരള ചിക്കൻ പദ്ധതി ആരംഭിച്ചതു മുതൽ 200 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ. 2019 ൽ ആരംഭിച്ച കുടുംബശ്രീയുടെ നേരിട്ടുള്ള വിൽപ്പനയിലൂടെ 1.81 കോടി കിലോ ചിക്കനാണ് വിറ്റത്. പ്രതിദിനം 25,000 കിലോ കോഴിയാണ് ഈ പദ്ധതിയിലൂടെ വിപണിയിലെത്തുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്.
ഒക്ടോബറോടെ കണ്ണൂർ ജില്ലയിലും പദ്ധതി അവതരിപ്പിക്കും. കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിലവിൽ 115 ഔട്ട്‌ലെറ്റുകളും 345 ഫാമുകളും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതോടെ ഇവയുടെ എണ്ണം ഉയരും. കുടുംബശ്രീ വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, വിപണിയിൽ മിതമായ നിരക്കിൽ കോഴിയിറച്ചി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.