ചൈനയുടെ വിദേശ വ്യാപാരത്തില്‍ കുറവ്

0
730

ചൈനയുടെ വിദേശ വ്യാപാരത്തില്‍ കുറവ് വന്നു. കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 7.5 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയില്‍ 4.5 ശതമാനവും കുറവുണ്ടായി. ഉയര്‍ന്ന പലിശനിരക്കിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതാണ് വ്യാപാര ഇടിവിന് കാരണമെന്നു കരുതുന്നു.

കയറ്റുമതി 283.5 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്. ഏപ്രിലില്‍ 8.5 ശതമാനത്തിന്റെ അപ്രതീക്ഷിത വളര്‍ച്ച നേടിയതിന് പിറകെയാണ് ഈ കുറവ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞമാസം ഇറക്കുമതി 217.7 ബില്യണ്‍ ഡോളറായും കുറഞ്ഞു

ആഗോള വ്യാപാര മിച്ചം 16.1ശതമാനം കുറഞ്ഞ് 65.8 ബില്യണ്‍ ഡോളറായി. വ്യാപാരത്തിലെ മാന്ദ്യം ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ് വ്യവസ്ഥയായ ചൈനയില്‍ വിവിധ മേഖലകളില്‍ പ്രതികൂല ഫലമുണ്ടാക്കുന്നതാണ്. ഫാക്ടറി ഉല്‍പാദനത്തിലും ഉപഭോക്തൃ ഇടപാടുകളിലും കുറവുണ്ടാകും. യുവജനങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതിനും ഇത് കാരണമാകും.

ഡിസംബറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതോടെ ഫാക്ടറി ഉല്‍പാദനവും ഉപഭോക്തൃ ചെലവഴിക്കലും കാര്യമായി ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വളര്‍ച്ചയുടെ ഉന്നതഘട്ടം കഴിഞ്ഞുപോയതായാണ് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചില്ലറ മേഖലയില്‍ പണം ചെലവഴിക്കപ്പെടുന്നത് പ്രതീക്ഷിച്ചതിലും കുറഞ്ഞ തോതിലാണ്. സാമ്ബത്തിക വളര്‍ച്ചയെക്കുറിച്ചും തൊഴില്‍ നഷ്ടത്തെക്കുറിച്ചുമുള്ള ജനങ്ങളുടെ ആശങ്കയാണ് ഇതിന് കാരണം. നഗരങ്ങളിലെ അഞ്ചിലൊന്ന് തൊഴിലാളികള്‍ തൊഴില്‍ രഹിതരാണെന്ന് ഏപ്രിലില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.