വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി മധുരം ലഭിക്കും. തിരിച്ചടവ് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി എത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ. റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ ഒരു പായ്ക്കറ്റ് ചോക്ലേറ്റ് നൽകി അഭിവാദ്യം ചെയ്തുകൊണ്ട് വായ്പാ തിരിച്ചടവിനെപ്പറ്റി ഓർമ്മപ്പെടുത്താനാണ് തീരുമാനം.
വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നുള്ള ഫോൺകോളുകൾക്ക് മിക്കവരും മറുപടി നൽകാറില്ല. അതിനാൽ അവരെ അറിയിക്കാതെ അവരുടെ വീടുകളിൽ ചെന്ന് കാണുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ബാങ്ക് പറയുന്നത്. ബാങ്ക് പ്രതിനിധികൾ വായ്പയെടുത്തവരെ സന്ദർശിച്ച് ചോക്ലേറ്റ് നൽകി തിരിച്ചടവിനെക്കുറിച്ച് ഓർമ്മിപ്പിക്കും.
വായ്പാ തിരിച്ചടവ് വർദ്ധിപ്പിച്ച് കൂടുതല്‍ കളക്ഷന്‍ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ബാങ്കിന്റെ പുതിയ നീക്കം. പലിശനിരക്കിലെ വർദ്ധനവിന്‍റെ പശ്ചാത്തലത്തിൽ, വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണം കൂടുന്നുണ്ട്. ഈ പുതിയ സമീപനം വായ്പ വീണ്ടെടുക്കൽ നിരക്കുകൾ മെച്ചപ്പെടുത്തുമെന്നാണ് ബാങ്കിന്‍റെ പ്രതീക്ഷ. എസ്ബിഐയുടെ റീട്ടെയിൽ ലോൺ ബുക്ക് 2023 ജൂൺ പാദത്തിൽ 16.46 ശതമാനം വർധിച്ച് 12,04,279 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,34,111 കോടി രൂപയായിരുന്നു.
വ്യക്തിഗത, വാഹന, ഭവന, വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടുന്നതാണ് എസ്ബിഐയുടെ 12 ലക്ഷം കോടിയിലധികം വരുന്ന റീട്ടെയിൽ ബുക്ക്. ജൂണിലെ കണക്കനുസരിച്ച് 6.3 ലക്ഷം കോടി രൂപയിലധികം ഭവനവായ്പ ബുക്ക് ഉള്ള എസ്ബിഐ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറും കൂടിയാണ്.