ആഗോള വ്യോമയാന മേഖലയില്‍ വിമാനത്താവള കമ്പനികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം സ്വന്തമാക്കി സിയാല്‍. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡിന് അര്‍ഹമായിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ‘മിഷന്‍ സേഫ്ഗാര്‍ഡിംഗ്’എന്ന പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. കോവിഡ് അതിരൂക്ഷമായ 2021-22 ല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്.
പോളണ്ടിലെ ക്രാക്കോവില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റില്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, എസിഐ വേള്‍ഡ് ഡയറക്ടര്‍ ജനറല്‍ ലൂയിസ് ഫിലിപ്പ് ഡി ഒലിവേരയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. യാത്രക്കാരില്‍ നടത്തിയ എഎസ്‌ക്യൂ ഗ്ലോബല്‍ എയര്‍പോര്‍ട്ട് സര്‍വേ വഴിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കു പുറമേ ഇത്തവണ വിമാനത്താവളങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും അവാര്‍ഡ് നിര്‍ണയത്തിനായി ഉള്‍പ്പെടുത്തിയിരുന്നു.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ്, ജനറല്‍ മാനേജര്‍മാരായ ടി.ഐ. ബിനി , ജോസഫ് പീറ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.രാജ്യാന്തര ട്രാഫിക്കിന്റെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാല്‍ കരസ്ഥമാക്കി. പ്രതിവര്‍ഷം 5 -15 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന പട്ടികയിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെട്ടിട്ടുള്ളത്. മിഷന്‍ സേഫ്ഗാര്‍ഡിംഗ് എന്ന പദ്ധതി നടപ്പിലാക്കിയതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനം വളര്‍ച്ചയും സര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ചയും സിയാല്‍ രേഖപ്പെടുത്തി.