സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സിന്റെ കണക്കു പ്രകാരം ഈ സാമ്പത്തിക വർഷം മാത്രം സംസ്ഥാനത്ത് പൂട്ടിയത് 864 ചെറുകിട ഫാക്ടറികൾ. മുൻ സാമ്പത്തിക വർഷം 707 ഫാക്ടറികൾ പ്രവർത്തനം നിർത്തിയിരുന്നു. കടക്കെണി, മാനേജ്‌മെന്റ് രംഗത്തെ കെടുകാര്യസ്ഥത, മൂലധനലഭ്യതയിലെ തടസം, വിദഗ്‌ധതൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്, വിപണിയിലെ പ്രശ്‌നങ്ങൾ എന്നിവയാണ് അടച്ചു പൂട്ടലിന് കാരണം. വൈദ്യുതി മുഖ്യഘടകമായി ഉപയോഗിക്കുന്ന ചെറുകിട ഫാക്ടറികളെ നിരക്കുവർധനയും സാരമായി ബാധിച്ചു.
ലഘു എഞ്ചിനീയറിങ്, കശുവണ്ടി-മുള മൂല്യവർധിത ഉത്പന്നം, ലഘുഭക്ഷണം, സമുദ്രോത്പന്നം, കാർഷിക മൂല്യവർധിത ഉത്പന്നം എന്നിവ അധിഷ്‌ഠിതമാക്കി രജിസ്റ്റർ ചെയ്‌ത സ്ഥാപനങ്ങളാണ് പൂട്ടിയവയിൽ കൂടുതലും. പ്രവാസികൾ സംഘാടകരോ സഹകാരികളോ ആയ 174-ഓളം സംരംഭങ്ങളും പൂട്ടിയവയിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് സംരംഭകർ വ്യവസായങ്ങൾ പൂട്ടിക്കെട്ടുന്നത്.
കച്ചവടം കുറഞ്ഞതോടെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളും പൂട്ടുന്നുണ്ട്. ഒരു വർഷത്തിനിടെ ചെറുതും വലുതുമായ പതിനായിരത്തോളം കച്ചവട സ്ഥാപനങ്ങളാണ് അടച്ചത്.