ലോകത്തിലെ ആദ്യ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയിന് വെസല്‍ നിര്‍മ്മിക്കാനുള്ള 550 കോടിയുടെ ഓര്‍ഡന്‍ കൊച്ചിന് ഷിപ്യാര്ഡിന്. നെതര്‍ലന്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്സ് രംഗത്തെ പ്രമുഖ കമ്പനിയായ സാംസ്കിപ് ഗ്രൂപ്പാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് രണ്ട് വെസലുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 5 വന്‍കരകളിലായി 24ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കായി 45 അടി നീളമുള്ള 365 കണ്ടെയിനറുകള്‍ വഹിക്കാന്‍ സാധിക്കുന്ന വെസലുകളാണ് നിര്‍മ്മിച്ചുനല്‍കുന്നത്.
പ്രതിവര്‍ഷം 25000 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം ഇല്ലാതാക്കാന്‍ ഒരു വെസലിന് സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2025 വര്‍ഷത്തോട് കൂടി വെസലുകള്‍ കൈമാറാന്‍ സാധിക്കുമെന്നാണ് ഷിപ്യാര്ഡ് പ്രതീക്ഷിക്കുന്നത്. നൂതനമായ ഈ വെസലുകള്‍ നിര്മ്മിച്ചുനല്കുന്നതിലൂടെ കൊച്ചിന് ഷിപ്യാര്ഡ് ആഗോളതലത്തില്‍ ശ്രദ്ധേയമായ സ്ഥാനത്തേക്ക് ഉയരും. രാജ്യത്തെ ആദ്യ തദ്ദേശീയ എയര്‍ ക്രാഫ്റ്റ് കാരിയര്‍ നിര്‍മ്മിച്ച് ചരിത്രം സൃഷ്ടിച്ച കൊച്ചിന് ഷിപ്യാര്ഡിന്റെ മറ്റൊരു നേട്ടമാകും ഇത്.