കൊക്ക-കോള മദ്യ വിപണിയിലേക്ക്:ഗോവയിലും, മഹാരാഷ്ട്രയിലും ‘ലെമൺ-ഡൗ’ ലഭ്യം

0
100

ആദ്യമായി ആഭ്യന്തര മദ്യ വിപണിയിൽ പ്രവേശിച്ച് പ്രമുഖ ശീതളപാനീയ ബ്രാൻഡായ കൊക്ക-കോള. ‘ലെമൺ-ഡൗ’ (Lemon-Dou) എന്ന റെഡി-ടു-ഡ്രിങ്ക് മദ്യോത്പന്നം പരീക്ഷണാടിസ്ഥാനത്തിൽ ഗോവ, മഹാരാഷ്ട്ര വിപണികളിലാണ് ആദ്യം അവതരിപ്പിക്കുക. വോഡ്‌കയും നാരങ്ങയും ഒത്തുചേർന്ന ഉത്പന്നത്തിന് സമാനമായ രുചിയുള്ളതാണ് ലെമൺ-ഡൗവും. പരമ്പരാഗതമായി നോൺ ആൽക്കഹോൾ ഉത്പന്നങ്ങൾ പുറത്തിറക്കിയ കൊക്കകോള ഇന്ത്യ, വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കൊക്കകോളയുടെ ആദ്യത്തെ ലെമൺ സോർ ബ്രാൻഡാണ് ലെമൺ-ഡൗ.

‘ചുഹായി’ (Chu-hi) എന്നറിയപ്പെടുന്ന ആൽക്കഹോളിക് കോക്ക്‌ടെയ്‌ൽ ലെമൺ-ഡൗ 2018 ൽ ജപ്പാനിലാണ് ആദ്യമായി അവതരിപ്പിച്ചത്. 250 രൂപ വിലയുളള 250 മില്ലി ലിറ്ററിന്റെ അലുമിനിയം ബോട്ടിൽ കാനാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്. ജപ്പാനും ഇന്ത്യക്കും പുറമേ ചൈന, ഫിലിപ്പൈൻസ് തുടങ്ങി ഏതാനും രാജ്യങ്ങളിലും ലെമൺ-ഡൗ കൊക്ക കോള വിറ്റഴിക്കുന്നുണ്ട്.


നിലവിൽ കോക്കിന് (Coke) പുറമേ സ്‌പ്രൈറ്റ്, തംസ് അപ്പ്, ഫാന്റ, ലിംക, മാസാ, കിൻലി വാട്ടർ, ഓണസ്റ്റ് ടീ, കോഫീ ബ്രാൻഡുകളായ ജ്യോർജിയ, കോസ്റ്റ കോഫീ തുടങ്ങിയവ കൊക്ക-കോളയ്ക്കുണ്ട്.