കയര്‍ഫെഡ് ഉത്പന്നങ്ങള്‍ കര്‍ണാടകയില്‍: ധാരണാപത്രം ഒപ്പുവച്ചു

0
105

റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും വിപണനം കര്‍ണാടകയില്‍ നടത്തുന്നതിന് ഹോംകെയര്‍ ഇന്ത്യയുമായി ധാരണപത്രം ഒപ്പുവച്ച് കയര്‍ഫെഡ്. കയറുല്‍പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണമുള്ള കര്‍ണാടകയില്‍ ഇതിലൂടെ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. കേരളത്തിലും കയറുല്‍പ്പന്നങ്ങളുടെ ലഭ്യത എല്ലാ തലത്തിലും ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ ഷോപ്പുകളില്‍ കയര്‍ഫെഡ് ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ധാരണ പത്രവും ഒപ്പുവെച്ചു കഴിഞ്ഞു. കയര്‍ഫെഡിന്റെ റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള വിപണനത്തിന് മറ്റൊരു ധാരണപത്രം കൂടി ഒപ്പുവച്ചിട്ടുണ്ട്.
പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന കയര്‍ഫെഡ് ഷോറൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. കയര്‍ഫെഡ് ഷോറൂമുകള്‍ ഇല്ലാത്ത ജില്ലകളില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഇവ ഉപയോഗിക്കും. ഒപ്പം തന്നെ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച പിവിസി ടഫ്റ്റഡ് യൂണിറ്റില്‍ നിര്‍മ്മിക്കുന്ന പിവിസി ടഫ്റ്റഡ് മാറ്റിന് ധാരാളം ഓര്‍ഡറുകള്‍ ലഭ്യമാകുന്നു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കയര്‍ഫെഡ് ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ ആലപ്പുഴയില്‍ ആരംഭിക്കും. കയര്‍ഫെഡിന്റെ വിദേശ വ്യാപാര ലൈസന്‍സ് മുടങ്ങി കിടന്നത് പുതുക്കിയതിലൂടെ വിദേശ വിപണിയിലേയ്ക്ക് കയര്‍ഫെഡ് വില്‍പ്പന ആരംഭിച്ചിട്ടുമുണ്ട്. കയര്‍ ഭൂവസ്ത്രത്തിന്റെ കാര്യത്തിലും വലിയ നേട്ടം കൈവരിക്കാന്‍ സാമ്പത്തിക വര്‍ഷമാരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ കേരളത്തിന് സാധിച്ചു. ഇടുക്കി ജില്ലയില്‍ നിന്ന് മാത്രം ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രത്തിന്റെ ഓര്‍ഡര്‍ ലഭ്യമായിട്ടുണ്ട്.