ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
വയനാട് ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു പോലെ ഇടുക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും ഉത്തരവ് പുറപ്പെടുവിച്ചത്. ഇടുക്കി ജില്ലയിലെ ഭൂപ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തസാധ്യതയുടെ തീവ്രത അനുസരിച്ച് റെഡ്, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുള്ളതാണ്. ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നാര്‍, വെള്ളത്തൂവല്‍, പള്ളിവാസല്‍, ദേവികുളം ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ഉടുമ്പഞ്ചോല, മാങ്കുളം, മറയൂര്‍, ഇടമലക്കുടി, കാന്തല്ലൂര്‍, വട്ടവട എന്നീ 13 ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശത്തെ റെഡ് സോണില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഒരു നില കെട്ടിടങ്ങള്‍ നിര്‍മ്മിക്കാം. മറ്റു സ്ഥലങ്ങളില്‍ താമസ യോഗ്യമായ സ്ഥലങ്ങള്‍ ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ ധനസഹായത്തോടെ ഭവന നിര്‍മ്മാണം നടത്തുന്ന ‘ലൈഫ്’ ഉള്‍പ്പെടെയുള്ള പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഉപകാരപ്രദമാകുന്നതിന് വേണ്ടിയാണ് ഈ പ്രദേശങ്ങളിലെ റെഡ് സോണില്‍ പോലും നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്.
13 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ സ്ഥലങ്ങളിലും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നു നിലകളില്‍ അധികമുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ തന്നെ നിര്‍മ്മാണ നിരോധനം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തുടര്‍ന്നു നിര്‍മ്മാണ അനുമതി ആവശ്യവുമായ കെട്ടിടങ്ങള്‍ക്കും പരമാവധി മൂന്ന് നിലകള്‍ക്കുള്ള നിര്‍മ്മാണ അനുമതിയായി നിജപ്പെടുത്തിയത്.
പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും മേഖലയിലെ ജനങ്ങള്‍ക്ക് പരമാവധി സഹായകരവുമായ രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വിഷയത്തിലുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലയില്‍ രൂപീകരിക്കുന്ന ജില്ലാതല സമിതിയെ സമീപിക്കാം. ജില്ലയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം സ്വരൂപിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.