വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു:മാറ്റമില്ലാതെ ഗാർഹിക സിലിണ്ടർ വില

0
152

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 39.50 രൂപ കുറച്ച് പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾ. ഇതോടെ കൊച്ചിയിൽ 1,766.5 രൂപയും, കോഴിക്കോട്ട് 1,799 രൂപയും തിരുവനന്തപുരത്ത് 1,787.5 രൂപയുമാണ് പുതുക്കിയ വില. ഈ മാസം ഒന്നിന് 21.50 രൂപ വർധിപ്പിച്ച വാണിജ്യ സിലിണ്ടറിന്റെ വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ നടത്തുന്നവർക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്ക് എൽ.പി.ജി ഉപയോഗിക്കുന്നവർക്കും ആശ്വാസം പകരുന്നതാണ് വിലക്കുറവ്.

ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് (14.2 കിലോഗ്രാം) 200 രൂപ കുറച്ചിരുന്നു. പിന്നീട് വാണിജ്യ സിലിണ്ടർ വില പലവട്ടം പരിഷ്‌കരിച്ചെങ്കിലും ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം വരുത്തിയില്ല. തിരുവനന്തപുരത്ത് 912 രൂപയും, കൊച്ചിയിൽ 910 രൂപയും, കോഴിക്കോട്ട് 911.5 രൂപയുമാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.