വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി). സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില അനുസരിച്ച് കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്. വർധിപ്പിച്ച വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടർ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചിരുന്നു. പ്രധാന മന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്. വാണിജ്യ, ഗാർഹിക എൽപിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസം പരിഷ്ക്കരിക്കാറുണ്ട്.