വര്‍ക്ക് ഫ്രം ഹോം (വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം) നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്പാദന ക്ഷമത കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠനം. ജീവനക്കാർ കൃത്യമായി ഓഫീസില്‍ എത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേക്കാള്‍ നാല് മടങ്ങ് അധിക വരുമാന വളര്‍ച്ച നേടാന്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഫ്ലെക്‌സ് വർക്ക് അഡൈ്വസർ സ്‌കൂപ്പ് ടെക്‌നോളജീസ് ഇൻകോർപ്പറേറ്റും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പും 554 സ്ഥാപനങ്ങളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
ജീവനക്കാരുടെ ഇഷ്ടാനുസരണം വീട്ടിലിരുന്നോ, ഓഫിസിലിരുന്നോ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ വില്‍പനയില്‍ 2020 നും 2022നും ഇടയില്‍ 21 ശതമാനം വര്‍ധനയുണ്ടായി. ആഴ്ചയില്‍ ഏതാനും ദിവസം മാത്രം ഓഫിസില്‍ വരുന്ന ജീവനക്കാര്‍, മുഴുവന്‍ ദിവസവും ഓഫിസില്‍ വരുന്നവരേക്കാള്‍ മികച്ച വില്‍പന കൈവരിച്ചു. ഓഫീസിൽ നിശ്ചിത ഹാജർ ആവശ്യമുള്ള കമ്പനികളിൽ, വെറും ആറ് ശതമാനം ജീവനക്കാർക്ക് മാത്രമേ ആഴ്ചയില്‍ നാല് ദിവസം ഓഫീസിൽ വരുന്നതിന് താല്‍പര്യമുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു.
സാങ്കേതികവിദ്യ മുതൽ ഇൻഷുറൻസ് വരെയുള്ള 20 മേഖലകളിലുള്ള കമ്പനികളെ ഉൾപ്പെടുത്തിയായിരുന്നു പഠനം. വ്യത്യസ്ത തൊഴില്‍ രീതികള്‍ സ്ഥാപനങ്ങളുടെ പ്രകടനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്.