ക്യാമ്പസ് നിയമനങ്ങളിൽ ഇടിവ്:വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി മാന്ദ്യം

0
678

നിയമനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനോ കുറച്ചു പേരെ മാത്രം എടുക്കുന്നതിലേക്കോ ഐ.ടി കമ്പനികളെ നയിച്ച് ദുർബലമാകുന്ന ബിസിനസ് അന്തരീക്ഷം. ലാഭം നിലനിർത്താനായി പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് പല സ്ഥാപനങ്ങളും. നിലവിൽ നൽകിയിരിക്കുന്ന നിയമന വാഗ്ദാനങ്ങൾ പാലിക്കുമെന്നും ഈ വർഷം ഇനി പുതിയ നിയമനത്തിന് തയാറല്ലെന്നും വിപ്രോ അറിയിച്ചു. ഇൻഫോസിസും ഈ വർഷത്തെ ക്യാമ്പസ് നിയമനങ്ങൾ ഒഴിവാക്കാനാണ് സാധ്യത.

ആദ്യ ദിനം തന്നെ 65% ബിരുദധാരികൾക്കും നിയമനം ലഭിക്കാറുള്ള ഐ.എസ്.ബിയിൽ ഈ വർഷം ക്യാമ്പസ് ഇന്റർവ്യൂവിലൂടെ എടുത്തത് 45% പേരെ മാത്രമാണ്. ശരാശരി ശമ്പള പാക്കേജിലും ഈ വർഷം കുറവുണ്ടായി. തൊഴിലുടമകളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും ബിരുദധാരികളായ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതും ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായി.

വിദ്യാഭ്യാസ വായ്‌പയെടുത്തും മറ്റും പഠനത്തിനുള്ള പണം കണ്ടെത്തിയ ഭൂരിഭാഗം വിദ്യാർത്ഥികളേയും പ്രതിസന്ധിയിലാക്കുന്നതാണ് നിലവിലെ സാഹചര്യം. മറ്റു മേഖലകളിൽ സാധ്യതകൾ തേടുക എന്നതാണ് വിദ്യാർത്ഥികളെ സംബന്ധിച്ച് ചെയ്യാവുന്ന കാര്യം.