ചൈനയിൽ തലപൊക്കി സാമ്പത്തിക പ്രശ്നങ്ങൾ:ആശങ്കയോടെ ലോകം 

0
134

നടപ്പുവർഷം ചൈന വലിയ സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നാണ് പല സാമ്പത്തിക വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്‌മ, റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ച, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികൾ, കൊവിഡിന് ശേഷമുള്ള സാമ്പത്തിക മേഖലയുടെ മന്ദഗതിയിലുള്ള വളർച്ച, രാഷ്ട്രീയ കാരണങ്ങളാൽ സംരംഭകരെ ഞെരുക്കുന്നതുമെല്ലാം ചൈനയുടെ വളർച്ചയെ ബാധിക്കുന്നുണ്ട്.

രണ്ടു വർഷം നീണ്ട കർശനമായ ലോക്ക്‌ഡൗണിനുശേഷം ചൈനീസ് ഉപഭോക്താക്കൾ പൈസ ചിലവഴിക്കുന്നതിൽ വളരെയധികം ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സമ്പദ്‌വ്യവസ്ഥയിൽ പണച്ചുരുക്കം (deflation) അനുഭവപ്പെട്ടു തുടങ്ങി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ മോശം നേതൃത്വമാണ് ചൈനയുടെ പ്രശ്നങ്ങൾക്ക് കാരണമെന്നും അഭിപ്രായങ്ങൾ ഉണ്ട്. 

ജനസംഖ്യയുടെ കാര്യത്തിലും സ്ഥിതി ഗുരുതരമാണ്. ജനസംഖ്യ കുറഞ്ഞുവരുന്ന പ്രവണതയാണ് ചൈനയിൽ കാണുന്നത്. ജനന നിരക്ക് കുറയുന്നതിനനുസരിച്ച് ജനസംഖ്യയുടെ ശരാശരി പ്രായം കൂടിക്കൊണ്ടിരിക്കുകയാണ്. 2100 ഓടെ ചൈനയുടെ ജനസംഖ്യ ഇപ്പോഴത്തെ 1.4 ശതകോടിയിൽ നിന്ന് 52.5 കോടിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. 2100 ഓടെ ചൈനയിലെ തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള ജനസംഖ്യ 21 കോടിയായി കുറയുമെന്നാണ് ഷാങ്ഹായ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ ഗവേഷണ സംഘം തയാറാക്കിയ റിപ്പോർട്ടിൽ  പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന ഈ പ്രശ്‌നങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ രാജ്യങ്ങളെയും ബാധിക്കും.