ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്’ ജില്ലാതല സെമിനാറും വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം ആശ മോള്‍ പി. മുഖ്യപ്രഭാഷണം നടത്തി.
ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളില്‍ ഉപഭോക്തൃ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഹരിത ഉപഭോഗം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഭോക്തൃനിയമം- അവകാശങ്ങള്‍, കടമകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം തുടങ്ങിയവയാണ് നടത്തിയത്. മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പ്രസംഗ മത്സരത്തില്‍ ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജിലെ അനുരാഗ് എസ് ഒന്നാം സ്ഥാനവും മുരിക്കാശ്ശേരി പാവനാത്മ കോളേജിലെ വിദ്യാര്‍ഥികളായ ആരതി കെ. വി. രണ്ടാം സ്ഥാനവും വിനീഷ് ബെന്നി മൂന്നാം സ്ഥാനവും നേടി. ഉപന്യാസ മത്സരത്തില്‍ പൈനാവ് എം. ആര്‍. എസ്. സ്‌കൂളിലെ വിദ്യാര്‍ഥികളായ നന്ദബാല, നദിയാ വി, അപര്‍ണ സോമന്‍ എന്നിവരും ക്വിസ് മത്സരത്തില്‍ പൈനാവ് എം. ആര്‍. എസ്. സ്‌കൂളിലെ ദേവാനന്ദ് ഡി., നിതീഷ് പി. എസ.്, ഗായത്രി പി. എസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
എ. ഡി. എം. ഷൈജു പി. ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം രാജു ജോസഫ്, ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം അംഗം ജയ കെ., ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഷെയ്ക്ക് ഷിബു എസ്., സപ്ലൈക്കോ മൂന്നാര്‍ ഡിപ്പോ മാനേജര്‍ ഇന്‍ ചാര്‍ജ് വിനോദ് കുമാര്‍ കെ. പി., ജില്ലാ സപ്ലൈ ഓഫീസര്‍ അനില്‍കുമാര്‍ കെ. പി. തുടങ്ങിയവര്‍ പങ്കെടുത്തു.