ഓണ്‍ലൈന്‍ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പറേറ്റ് കമ്പനി രൂപീകരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങള്‍ മാത്രമായിരിക്കും കമ്പനിയുടെ ഓഹരി ഉടമകള്‍.
ഓഹരിയുടമകള്‍ക്കു മാത്രമായിരിക്കും കമ്പനിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാകുക. ഓഹരിയുടമകള്‍ക്ക് 25 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകും. ഇതിലൂടെ ഓണ്‍ലൈന്‍ കമ്പനികളുമായി കേരളത്തിലെ വ്യാപാരികള്‍ക്കും മത്സരിക്കാനാകുമെന്നും രാജു അപ്സര പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.