ചോദ്യത്തിന് കോഴ വിവാദം:മഹുവ മൊയിത്ര എംപിക്കെതിരെ അദാനി ഗ്രൂപ്പ്

0
130

ചോദ്യത്തിന് കോഴ വിവാദത്തിൽ മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തി അദാനി ഗ്രൂപ്പും. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. വ്യവസായി ദർശൻ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരായ ബിജെപി ആരോപണം.

കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിൻറെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കമുള്ള വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് നല്‍കിയ പരാതിയിൽ ആരോപിച്ചു.

എം.പിക്കെതിരായ കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്കും പരാതി നൽകി. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള എം.പിയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്. തനിക്കെതിരെ പരാതി നൽകിയ നിഷികാന്ത് ദുബൈ വ്യാജ സത്യവാങ്മൂലം നൽകിയതിൽ ആദ്യം അന്വേഷണം നടക്കട്ടെയെന്നാണ് മഹുവ മൊയിത്ര ട്വീറ്റ് ചെയ്തത്.