രാജ്യത്തെ റെഡിമെയ്ഡ് വിപണിയിൽ വൻ കുതിപ്പ്:വസ്ത്ര നിർമ്മാതാക്കളുടെ വരുമാനത്തിൽ വർദ്ധനവ്

0
846

രാജ്യത്ത് റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു. ആഭ്യന്തര ഡിമാൻഡ് വർദ്ധിച്ചതിന്റെയും കയറ്റുമതി ഉയർന്നതിന്റെയും ഫലമായി റെഡിമെയ്ഡ് വസ്ത്ര നിർമ്മാതാക്കളുടെ വരുമാനത്തിൽ 8 മുതൽ 10 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പരുത്തി വില കുറഞ്ഞതും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതും വരുമാനം ഉയരാൻ കാരണമായി.

മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വോളിയം വളർച്ച 3-5 ശതമാനത്തിൽ നിന്നും ഈ വർഷം 6-8 ശതമാനമായി ഉയരും. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും വ്യപാരികൾക്ക് സഹായകമായി. ഈ സാമ്പത്തിക വർഷം പരുത്തിയുടെയും മനുഷ്യനിർമ്മിത നാരുകളുടെയും വില യഥാക്രമം 15-17 ശതമാനവും 8-10 ശതമാനവും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസിൽ റേറ്റിംഗ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര ഉപഭോഗത്തെ കൂടുതൽ ആശ്രയിക്കുന്നവരാണ് റെഡിമെയ്ഡ് വസ്ത്ര നിർമ്മാതാക്കൾ. മൊത്തം ഡിമാൻഡിന്റെ 75 ശതമാനവും രാജ്യത്തിനകത്ത് നിന്ന് തന്നെയാണ്. ഇതിൽ 6-8 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. ബാക്കി ഡിമാന്ഡിന്റെ 25 ശതമാനം കയറ്റുമതിയിൽ നിന്നാണ്. ഈ സാമ്പത്തിക വർഷം കയറ്റുമതി 4-6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം വിദേശ വിപണികളിലെ ഉപഭോഗം മന്ദഗതിയിലാണെങ്കിലും ക്രമേണ ഉയരുന്നുണ്ടെന്ന് ക്രിസിൽ റേറ്റിംഗ്സ് ഡയറക്ടർ ഗൗതം ഷാഹി പറഞ്ഞു.