ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി എ.രാജരാജൻ. ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കും ഇത്. പിന്നാലെ ആദ്യത്തെ ടെസ്റ്റ് വെഹിക്കിൾ മിഷൻ, ടിവി-ഡി1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിൾ മിഷൻ, ടിവി-ഡി2, ഗഗൻയാനിന്റെ ആദ്യത്തെ അൺക്രൂഡ് ദൗത്യം (എൽവിഎം3-ജി1) എന്നിവയും ഉണ്ടാകും.
രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം.
ഐഎസ്ആർഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം3 റോക്കറ്റാണ് ഗഗൻയാൻ ദൗത്യത്തിന്റെ വിക്ഷേപണ വാഹനം. സോളിഡ് സ്റ്റേജ്, ലിക്വിഡ് സ്റ്റേജ്, ക്രയോജനിക് സ്റ്റേജ് എന്നിങ്ങനെ മൂന്ന് സ്റ്റേജുകളാണ് ഇതിലുള്ളത്. ദ്രുത-പ്രവർത്തനം സാധ്യമായ ഉയർന്ന ബേൺ-റേറ്റ് സോളിഡ് മോട്ടോറുകളുള്ള ക്രൂ എസ്കേപ്പ് സിസ്റ്റവും (സിഇഎസ്) എച്ച്എൽവിഎം3യിൽ ഉണ്ട്. ഇത് അടിയന്തര ഘട്ടത്തിൽ ക്രൂ മൊഡ്യൂളിന്റെയും (സിഎം) ക്രൂവിന്റെയും സുരക്ഷ ഉറപ്പുവരുത്തും.