ലോകോത്തര വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സെന്റര്‍ ഫോര്‍ സിന്തറ്റിക് ബയോളജി ആന്‍ഡ് ബയോ മാനുഫാക്ചറിങ്ങ് നിര്‍മ്മിക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും സിന്തൈറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
കേരളത്തിലെ ഏറ്റവും വലിയ വ്യവസായ-അക്കാദമിക ഗവേഷണ സഹകരണങ്ങളിലൊന്നാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്. 500-ലധികം സസ്യങ്ങളില്‍ നിന്നുള്ള സുഗന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസുമായി ചേർന്ന് മെറ്റബോളിക് എഞ്ചിനീയറിംഗ്, സിന്തറ്റിക് ബയോളജി, ബയോ മാനുഫാക്ചറിംഗ് എന്നിവയില്‍ വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികവിദ്യ, സംരംഭങ്ങള്‍ എന്നിവയ്ക്കായി ഒരു ആഗോള മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രമാണ് കുസാറ്റ് ഒപ്പുവെച്ചത്. സെന്റര്‍ ഫോര്‍ സിന്തറ്റിക് ബയോളജി ആന്‍ഡ് ബയോ മാനുഫാക്ചറിങ്ങ് സ്ഥാപിക്കുന്നതിന് സിന്തൈറ്റ് കുസാറ്റിനായി 20 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ വകയിരുത്തിയിട്ടുള്ളത്.
കുസാറ്റില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, എന്നിവയുടെ സുസ്ഥിര ഉല്‍പ്പാദനത്തിന്റെ സാധ്യതകള്‍ സിഎസ്ബി വിപുലീകരിക്കും.