ഉത്പ്പന്നങ്ങൾ കാൻസറിന് കാരണമാകുന്നു:ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്

0
688

ഹെയർ റിലാക്സർ ഉത്പ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്. ഡാബറിന്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങൾക്കെതിരെ യുഎസിലും കാനഡയിലും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഉപസ്ഥാപനങ്ങളിൽ നമസ്‌തേ ലബോറട്ടറീസ് എൽഎൽസി, ഡെർമോവിവ സ്കിൻ എസൻഷ്യൽസ് ഇൻക്, ഡാബർ ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപൂർണ്ണവുമായ പഠനത്തെ അടിസ്ഥാനമാക്കിയുമുള്ളതാണെന്ന് ഡാബർ പ്രതികരിച്ചു. കേസുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ നിയമിച്ചതായും ഡാബർ അറിയിച്ചു.

ഫോർമാൽഡിഹൈഡ് അടങ്ങിയ ചില ഹെയർ സ്‌ട്രെയിറ്റനിംഗ് ഉത്പ്പന്നങ്ങൾ നിരോധിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. യുഎസിലെ 33,500 സ്ത്രീകളെ ഉൾപ്പെടുത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനം അനുസരിച്ച് സ്‌ട്രെയ്റ്റനിംഗ് ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭാശയ അർബുദം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ പതിന്മടങ്ങ് കൂടുതലാണ്. മാത്രമല്ല അവർക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയണമെന്നുമില്ല. കേസുകൾ വന്നതോടെ ഡാബറിന്റെ ഓഹരികൾ ഇന്ന് 2.5% വരെ ഇടിഞ്ഞ് 520.45 രൂപയിലെത്തി.