ഉപയോക്തൃ അക്കൗണ്ടുകളിൽ അധിക സുരക്ഷാ സംവിധാനം ഒരുക്കാൻ ഡാർക്ക് വെബ് റിപ്പോർട്ട് ഫീച്ചറുമായി ഗൂഗിൾ. ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചർ രൂപകല്പന ചെയ്തിരിക്കുന്നത്. സൈബർ ലോകത്തെ ഇരുണ്ട ഇടനാഴിയെന്നാണ് ഡാർക്ക് വെബ് അറിയപ്പെടുന്നത്. ഗൂഗിൾ ഡാർക്ക് വെബ് റിപ്പോർട്ട് ഇന്ത്യയിലും മറ്റു ചില പ്രദേശങ്ങളിലും ലഭ്യമാണ്. വരും ആഴ്ചകളിൽ ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
ഗൂഗിളിന്റെ പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിട്ടുണ്ടോയെന്നും മറ്റും അറിയാനായി ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ സാധിക്കും. ഏതെങ്കിലും വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയാൽ, ഗൂഗിൾ ഒരു നോട്ടിഫിക്കേഷൻ നൽകുകയും സ്വയം പരിരക്ഷിക്കാൻ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് അറിയിക്കുകയും ചെയ്യും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്തൃ അക്കൗണ്ടും പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വവും ഉണ്ടായിരിക്കണം. സ്വകാര്യ വിവരങ്ങൾക്കായി ഡാർക്ക് വെബ് നിരീക്ഷിക്കാൻ ഒരു പ്രൊഫൈൽ നിർമ്മിക്കാനും അവസരമുണ്ട്. പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വം ഇല്ലെങ്കിലും ഗൂഗിൾ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിലൂടെ ഡാർക്ക് വെബ് റിപ്പോർട്ട് പ്രവർത്തിപ്പിക്കാനാകും.