സ്ത്രീകൾക്കും ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കുമായി രണ്ട് പുതിയ ഡെബിറ്റ് കാർഡുകൾ അവതരിപ്പിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴാം വാർഷികത്തിൽ ‘എംപവർ ഹെർ’ എന്ന പേരിൽ യൂണിയൻ ബാങ്ക് പുതിയ ഡെബിറ്റ് കാർഡ് പുറത്തിറക്കിയത്.
സ്ത്രീകൾക്ക് സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ അധിക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പുതിയ ഡെബിറ്റ് കാർഡ് ഉറപ്പുവരുത്തുന്നു. കാർഡ് ഉടമകൾക്ക് സൗജന്യ കാൻസർ പരിചരണ പരിരക്ഷ, സൗജന്യ ആരോഗ്യ പരിശോധന നടത്താനുള്ള സൗകര്യം, സൗജന്യ വ്യക്തിഗത അപകട പരിരക്ഷയും വിമാന അപകട പരിരക്ഷയും, കാർഡ് ഉടമകൾക്ക് ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവയാണ് കാർഡിന്റെ മറ്റ് ആനുകൂല്യങ്ങൾ.
ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കുളള ഡെബിറ്റ് കാർഡിനും സവിശേഷതകൾ ഏറെയാണ്. ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ (എച്ച്എൻഐ) എണ്ണം അനുദിനം വർധിക്കുന്നതിനാൽ ഇത്തരം കാർഡുകൾക്ക് ആവശ്യക്കാരേറെയാണ്. ഈ കാർഡ് ഉടമകൾക്ക് ഒടിടി സബ്സ്ക്രിപ്ഷൻ, ഇൻഷുറൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കോംപ്ലിമെന്ററി ഫീച്ചറെന്ന നിലയിൽ കാർഡ് അന്താരാഷ്ട്ര ലോഞ്ച് ആക്സസ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. വ്യാപാരികൾക്ക് നിരവധി ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഉപയോക്താക്കൾക്ക് ആഡംബരവും മികച്ചതുമായ അനുഭവവും ഈ ഡെബിറ്റ് കാർഡ് പ്രദാനം ചെയ്യുന്നു.