മൂന്ന് മാസത്തിനിടെ 3,028 കോടിയുടെ തട്ടിപ്പ്:ജി.എസ്.ടി തട്ടിപ്പിൽ മുന്നിൽ ഡൽഹി

0
521

വ്യാജ ജി.എസ്.ടി രജിസ്ട്രേഷനിലൂടെ ഇന്ത്യയിൽ ഏറ്റവുമധികം തട്ടിപ്പുകൾ നടന്നത് ഡൽഹിയിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3,028 കോടി രൂപയുടെ തട്ടിപ്പുകളാണ് ഡൽഹിയിൽ നടന്നത്. 2,201 കോടി രൂപയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഉത്തർപ്രദേശിൽ 1,645 കോടി രൂപയുടെയും ആന്ധ്രയിൽ 765 കോടി രൂപയുടെയും തട്ടിപ്പ് നടന്നെന്നാണ് ചരക്ക്-സേവന നികുതി വകുപ്പിന്റെ കണ്ടെത്തൽ.


മറ്റുള്ളവരുടെ പേരിലുളള ആധാറും പാൻ കാർഡും മറ്റും ഉപയോഗിച്ച് വ്യാജ ജി.എസ്.ടി രജിസ്ട്രേഷൻ നേടുന്ന വ്യാജ കമ്പനികൾ ഉത്പന്നമോ സേവനമോ നൽകാതെ കൃത്രിമ ബില്ലുകൾ നിർമ്മിച്ച്, നികുതി മുൻകൂറായി അടച്ചെന്ന് കാട്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) തട്ടിയെടുക്കുകയാണ് ചെയ്‌തിരുന്നത്‌.


രാജ്യത്താകെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 4,153 വ്യാജ സ്ഥാപനങ്ങളിലൂടെ 12,036 കോടി രൂപയുടെ ഐ.ടി.സി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഇതിൽ 2,358 വ്യാജ സ്ഥാപനങ്ങളെ കണ്ടെത്തി 1,317 കോടി രൂപ കേന്ദ്ര ജി.എസ്.ടി വകുപ്പ് വീണ്ടെടുത്തു. കേരളത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 42 വ്യാജ സ്ഥാപനങ്ങളിലൂടെ 152 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്. ഇതിൽ 4 കോടി രൂപയാണ് തിരികെപ്പിടിച്ചത്.