ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് തറക്കല്ലിടും. പദ്ധതിയുമായി സഹകരിക്കുന്നതിന് ഇതിനോടകം പ്രമുഖ അന്താരാഷ്ട്ര സര്‍വ്വകലാശാലകള്‍ തയ്യാറായിക്കഴിഞ്ഞു. അക്കാദമിക്-ഇന്റസ്ട്രിയല്‍ ലിങ്കേജ് പദ്ധതിയില്‍ സുപ്രധാനപങ്ക് വഹിക്കുന്നതായിരിക്കും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്.
1515 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തും. ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള 14 ഏക്കറോളം ഭൂമിയില്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ ഭാഗമായി രണ്ട് കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. പുതിയ കേരള വ്യവസായ നയത്തില്‍ പ്രാധാന്യം നല്‍കിയിട്ടുള്ള മേഖലകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.