ഡിജിറ്റല്‍ ഗ്രാമമാവാനൊരുങ്ങി ഉടുമ്പന്നൂര്‍

Related Stories

ഡിജിറ്റല്‍ ഗ്രാമമാവാനൊരുങ്ങി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കി 2024 ലോടെ ഗ്രാമത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. ഡിജിറ്റല്‍ ഉടുമ്പന്നൂര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സിനിമാതാരം ആസിഫ് അലിയാണ്. സ്മാര്‍ട്ട്‌ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരിലും എത്തിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിംഗ്, പണമിടപാടുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങി ഡിജിറ്റല്‍ മേഖലയിലെ പ്രാഥമികമായ അറിവു മുതല്‍ നിത്യജീവിതത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളിലും പഞ്ചായത്തിലെ ജനങ്ങളെ സ്വയംപര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വാര്‍ഡുതലത്തില്‍ സര്‍വെ നടത്തി പഠിതാക്കളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തല പഠനോത്സവങ്ങളോടെ ആഗസ്റ്റ് 15 ന് ആരംഭിക്കും. പഠിതാക്കള്‍ക്ക് പ്രത്യേക സിലബസ് നിശ്ചയിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുക.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടാനുള്ള സാഹചര്യങ്ങളെക്കുറിച്ചും ഇതിനെതിരെ ശീലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഡിജിറ്റല്‍ ഉടുമ്പന്നൂര്‍ പദ്ധതിയിലെ പഠിതാക്കള്‍ക്ക് കൃത്യമായ ധാരണ ലഭിക്കുന്ന വിധത്തിലാണ് സിലബസ് തയ്യാറാക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മുതല്‍ ഡിജിറ്റല്‍ രംഗത്തെ വൈവിധ്യമാര്‍ന്ന മേഖലകളെ ഉള്‍പ്പെടുത്തി നടത്തുന്ന പരിശീലനം ഡിസംബറോടെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് പഠിതാക്കള്‍ക്ക് പരീക്ഷ നടത്താനും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനുമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories