മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് 256 ദിനോസർ മുട്ടകൾ. ജില്ലയിലെ 92 കേന്ദ്രങ്ങളിൽ നിന്നാണ് ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ മുട്ടകളുടെ ഫോസിൽ കണ്ടെത്തിയത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലായിരിക്കാമെന്ന നിഗമത്തിലാണ് ശാസ്ത്രലോകം. ചില സ്ഥലങ്ങളില്‍ നിന്ന് 20 മുട്ടകള്‍ വരെ ലഭിച്ചു. ഫോസിലുകള്‍ക്ക് ഏകദേശം 66 ദശലക്ഷം (6.6 കോടി) വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുള്ളവയാണ് കണ്ടെത്തിയ മുട്ടകൾ. ചില മുട്ടകളില്‍ അടയിരുന്നതിന്റെ ശേഷിപ്പും ലഭിച്ചു. ഡെക്കാന്‍ ട്രാപ്പിനോട് ചേര്‍ന്ന് കിടക്കുന്ന ലമെറ്റ ഫോര്‍മേഷൻ പ്രദേശത്താണ് ദിനോസറുകളുടെ മുട്ടകള്‍ വന്‍തോതില്‍ കണ്ടെത്തിയത്. ഗവേഷക ഹര്‍ഷ ധീമന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ചിലെ സംഘം നടത്തിയ പഠനം ശാസ്ത്ര മാസികയായ പ്ലോസ് വണിൽ പ്രസിദ്ധീകരിച്ചു.
നര്‍മദാ തീരം ദിനോസറുകളുടെ പ്രജനന കേന്ദ്രമായിരുന്നുവെന്നും മുട്ടയിടാനും വിരിയിക്കാനുമായി ദിനോസറുകള്‍ ഇവിടെ എത്തിയിരുന്നുവെന്നുമാണ് പ്രധാന നിഗമനം. മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്നും ഗുജറാത്തിലെ ബലാസിനോറില്‍ നിന്നും നേരത്തെയും ദിനോസറുകളുടെ മുട്ട കണ്ടെത്തിയിരുന്നു. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ്, ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ഫോസിലുകൾ നൽകുന്ന സൂചന.