നവസംരംഭകര്‍ക്കും ബിസിനസ് താത്പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റാനും വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൂതന ആശയ മത്സരം, ‘ഡ്രീംവെസ്റ്റര്‍’ അവസാന ഘട്ടത്തിലേക്ക്. നാല് റൗണ്ടുകളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനല്‍ 2023 ജൂലൈ 14, 15 തീയതികളില്‍ എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കും. അഗ്രി & ഫുഡ് പ്രോസസ്സിംഗ്, ഇലക്ട്രോണിക്‌സ് & ഐ.ടി, നൂതന സംരംഭം, ലൈഫ് സയന്‍സ് & ഹെല്‍ത്ത് കെയര്‍ എന്നീ വിഭാഗങ്ങളിലായി 20 പേരാണ് ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍.
സംസ്ഥാന സര്‍ക്കാര്‍ 2022-23 സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം, മെന്ററിംഗ് പിന്തുണ, സീഡ് കാപ്പിറ്റല്‍ സഹായം, വിപണി ബന്ധങ്ങള്‍ തുടങ്ങിയ സഹായം ഉറപ്പു നല്‍കും. കേരളത്തില്‍ വേരൂന്നിക്കൊണ്ട് വിജയകരമായ സംരംഭങ്ങള്‍ സ്ഥാപിക്കാനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഡ്രീംവെസ്റ്റര്‍ അവസരമൊരുക്കും.
ഈ മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. 4 മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 20 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവുംലഭിക്കും.