വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. കഴിഞ്ഞ വർഷം 2.46 മില്യൺ ഇന്ത്യക്കാരാണ് ദുബായിലെത്തിയത്. കോവിഡ് വ്യാപനത്തിന് മുമ്പത്തേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം. ഇതെല്ലാം പരിഗണിച്ചാണ് ദുബായ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ പുതിയ തീരുമാനം.
2022ൽ 1.84 മില്യൺ ഇന്ത്യൻ വിനോദസഞ്ചാരികളാണ് ദുബായിലെത്തിയത്. ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും 34% വർധനവാണ് രേഖപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര-ബിസിനസ് കൂട്ടുകെട്ട് വർധിപ്പിക്കാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ.
വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത് കഴിഞ്ഞാൽ 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും. വിസ കൈവശമുള്ളയാൾക്ക് തുടർച്ചയായി 90 ദിവസം വരെ ദുബായിൽ താമസിക്കാം. 1 വർഷം പരമാവധി 180 ദിവസം ഇത്തരത്തിൽ ദുബായിൽ താമസിക്കാം.