പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. 900-ലധികം സമ്മാനങ്ങളും മെമന്റോകളുമാണ് ലേലത്തിനുളളത്. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കുമ്പോൾ പ്രധാന മന്ത്രിക്ക് അപൂർവ പുരാവസ്തുക്കളും, അമൂല്യ വസ്തുക്കളുമുൾപ്പടെ സമ്മാനമായി ലഭിക്കാറുണ്ട്. സാധാരണക്കാർക്ക് ഈ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ലേലത്തിലൂടെ ലഭിക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്തെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ ഈ സമ്മാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലേലത്തിലൂടെ ആർക്കും ഇവ സ്വന്തമാക്കാം.
100 രൂപ മുതൽ 64 ലക്ഷം രൂപ വരെയാണ് ഈ ഉപഹാരങ്ങളുടെ വില. ഇതിൽ 150 എണ്ണം ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിനുണ്ട്. ബാക്കിയുള്ളവ വെബ്സൈറ്റിൽ ലഭ്യമാണ്. ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെയും ചിത്തോർഗഡിലെ വിജയ് സ്തംഭത്തിന്റെയും പകർപ്പുകൾ, വാരണാസിയിലെ ഘാട്ടിന്റെ പെയിന്റിംഗ് എന്നിവയും ലേലത്തിനെത്തുന്നുണ്ട്.
എക്സിലൂടെയാണ് (മുമ്പ് ട്വിറ്റർ) പ്രധാനമന്ത്രി ലേലത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. എക്സിബിഷനിൽ നിന്നുള്ള ചില ചിത്രങ്ങളും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ലേലത്തിൽ നിന്നുള്ള വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മാറ്റിവെക്കും. ഒക്ടോബർ 31 വരെയാണ് ഇ-ലേലം.