മാലിന്യശേഖരണത്തിന് ഇലക്ട്രിക് ഓട്ടോ;ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സംരംഭം; മാതൃകയായി പെരുവന്താനം ഗ്രാമപഞ്ചായത്ത്

Related Stories

മാലിന്യപ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയും മാലിന്യം ശേഖരിക്കാന്‍ ഇലക്ട്രിക് ഓട്ടോ അടക്കം ലഭ്യമാക്കുകയും ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് സംരഭം ഒരുക്കിയുമൊക്കെയാണ് പഞ്ചായത്ത് മാതൃകയാവുന്നത്.
അജൈവ മാലിന്യങ്ങള്‍ സംഭരിക്കുവാനും ശാസ്ത്രീയമായി തരംതിരിച്ച് സംസ്‌കരിക്കാനുമുള്ള പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ (എം സി എഫ്) മണികല്ലിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്ഥലം ലഭ്യമാക്കി 250 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച എം സി എഫ് കെട്ടിടം 2000 ചതുരശ്ര അടിയായി വിപുലീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പഞ്ചായത്തിന് സാധിച്ചു. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്നും ഹരിത കര്‍മസേന തരം തിരിച്ചു ശേഖരിക്കുന്ന പ്ലാസ്റ്റിക് എം.സി.എഫില്‍ എത്തിക്കുകയും അവിടെ വെച്ച് പുനര്‍ചംക്രമണത്തിനു വിധേയമാകുന്നവ അങ്ങിനെ ചെയ്തും അല്ലാത്തവ റോഡ് ടാറിങ്ങിനും മറ്റുമായി പൊടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
വീടുകളിലെ അജൈവമാലിന്യം ഹരിതകര്‍മ്മ സേന മുഖേന കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചത് മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മാലിന്യ സംസ്‌കരണരംഗത്ത് പഞ്ചായത്ത് നടപ്പാക്കിയത്.

മാലിന്യം ശേഖരിക്കാന്‍ ഇലക്ട്രിക് ഓട്ടോ

മാലിന്യശേഖരണത്തിന് ഹരിതകര്‍മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ശുചിത്വമിഷന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ 495000 രൂപ വിനിയോഗിച്ചാണ് ഇലക്ട്രിക് ഓട്ടോറിക്ഷ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് കൈമാറിയത്.

പ്രകൃതി മിത്ര സംരംഭം

ഹരിതകര്‍മസേന അംഗങ്ങള്‍ക്കായി സംരംഭസാധ്യതയും പഞ്ചായത്ത് തുറന്നിട്ടുണ്ട്. ‘പ്രകൃതി മിത്ര’ എന്ന പേരില്‍ പ്രകൃതി സൗഹൃദ ബാഗ് നിര്‍മാണ ടെയ്‌ലറിങ് യൂണിറ്റ് ആരംഭിക്കുക വഴി തൊഴിലവസരം ഒരുക്കുന്നതിനും മാലിന്യസംസ്‌കരണത്തിന് കൈത്താങ്ങാവുന്നതിനും പഞ്ചായത്തിന് കഴിഞ്ഞു. എം സി എഫിനോട് ചേര്‍ന്നാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ വിവിധ കാമ്പയ്നുകള്‍ നടപ്പിലാക്കുന്നതിനും പൊതുജന പിന്തുണ ഉറപ്പുവരുത്തുന്നതിനും വിവിധ കര്‍മ്മപദ്ധതികളാണ് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
ജൈവമാലിന്യനിര്‍മാര്‍ജനത്തിനും പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നുണ്ട്. എം സി എഫിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച തുമ്പൂര്‍മുഴി ജൈവവള നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ രീതിയില്‍ ഷ്രെഡര്‍ മെഷീന്‍, കണ്‍വെയര്‍ ബെല്‍റ്റ്, ഇനോക്കുലം യൂണിറ്റ് എന്നിവ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. മാലിന്യമുക്തം എന്ന ലക്ഷ്യത്തിലെത്താന്‍ വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത് നടത്തുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories