വരാനിരിക്കുന്ന ഉത്സവ സീസണിൽ ‘പ്രൈസ് ലോക്ക്’ ഫീച്ചർ അവതരിപ്പിക്കാൻ ഇ-കൊമേഴ്‌സ് ഭീമൻ ഫ്ലിപ്കാർട്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് ഒരു ചെറിയ തുക നൽകി നിശ്ചിത വിലയ്ക്ക് ഉത്പ്പന്നം ബുക്ക് ചെയ്യാം. പിന്നീട് ഉത്പ്പന്നത്തിന്റെ ഡിമാൻഡ് ഉയർന്ന് വില വർദ്ധിച്ചാലും ഉപഭോക്താവിന് ‘ലോക്ക്’ ചെയ്ത വിലക്ക് ഉത്പ്പന്നം വാങ്ങാം.
ഉത്സവ സീസണുകളിൽ നിമിഷങ്ങൾക്കകം ഉത്പന്നങ്ങൾ വിറ്റഴിയുന്നതിന് ഒരു പരിഹാരമായാണ് ഫ്ലിപ്കാർട്ട് പ്രൈസ് ലോക്ക് ഫീച്ചർ അവതരിപ്പിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ മാതൃസ്ഥാപനമായ വാൾമാർട്ട് നടത്തിയ കൺവെർജ് പരിപാടിയിലാണ് ഫ്ലിപ്കാർട്ട് ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസർ (സിപിടിഒ) ജയന്ദരൻ വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്.
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ മൊത്ത വ്യാപാര മൂല്യത്തിന്റെ (ജിഎംവി) 50 ശതമാനവും നടക്കുന്നത് ഉത്സവ സീസണിലാണ്. ഫ്ലിപ്കാർട്ടിലെ വില്പ്പനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ 1.1 ദശലക്ഷത്തിൽ നിന്ന് 1.4 ദശലക്ഷമായി ഉയർന്നിരുന്നു.