ജെറ്റ് എയർവേസിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

0
393

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ, കമ്പനികൾ എന്നിവയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 17 റസിഡൻഷ്യൽ ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ചില സ്വത്തുക്കൾ ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരുകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലണ്ടൻ, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലാണ് ഈ പ്രോപ്പർട്ടികൾ സ്ഥിതി ചെയ്യുന്നത്.

കാനറ ബാങ്കിന്റെ രേഖാമൂലമുള്ള പരാതിയെത്തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് കേസിൽ ഗോയലിനും മറ്റ് അഞ്ച് പേർക്കുമെതിരെ കഴിഞ്ഞ ദിവസമാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. 848 കോടി രൂപ വരെ വായ്പ അനുവദിച്ചതായാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. വായ്പയെടുത്തതിൽ 538 കോടി രൂപ കുടിശ്ശികയായതോടെയാണ് ബാങ്ക് പരാതിയുമായി രം​ഗത്തെത്തിയത്.

പിഎംഎൽഎ പ്രകാരം സെപ്റ്റംബർ ഒന്നിന് ഇഡി അറസ്റ്റ് ചെയ്ത ഗോയലിനെ മുംബൈയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിൽ ട്രസ്റ്റുകൾ സൃഷ്ടിച്ച് ജെറ്റ് എയർവേസ് സ്ഥാപകൻ പണം തട്ടിയെന്നാണ് ഇഡി ആരോപിക്കുന്നത്. സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ ട്രസ്റ്റുകളെ ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്.