പേയ്‌ടിഎം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല:ഇഡി റിപ്പോർട്ട് 

0
668

പേയ്‌ടിഎം പേയ്മെന്റ്റ്സ് ബാങ്ക് വിദേശനാണയ വിനിമയ ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് (ഫെമ) എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്‌ചയാണ് വൺ97 കമ്മ്യൂണിക്കേഷന് കീഴിലുള്ള പേയ്‌ടിഎം പേയ്മെന്റ് ബാങ്കിന്റെ വിദേശ ഇടപാടുകളെ കുറിച്ച് ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്. ഫെമ ലംഘനം കണ്ടെത്തിയില്ലെങ്കിലും ഇടപാടുകാരിൽ പലരുടെയും കെ.വൈ.സി രേഖകൾ സൂക്ഷിക്കുന്നതിൽ പേയ്‌ടിഎം പേയ്മെൻ്റ്സ് ബാങ്ക് വീഴ്‌ച വരുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. സംശയകരമായ ഇടപാടുകളെ കുറിച്ച് ബാങ്ക് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കണ്ടെത്തലുണ്ട്.

ജനുവരി 31നാണ് പേയ്‌ടിഎമ്മിനെതിരെ റിസർവ് ബാങ്ക് നടപടിയെടുത്തത്. ഫെബ്രുവരി 29ന് ശേഷം പേയ്‌ടിഎം ബാങ്കിന്റെ സേവിംഗ്‌സ്/കറൻ്റ് അക്കൗണ്ടുകൾ, വാലറ്റ്, ഫാസ്‌ടാഗ്‌, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് ആർ.ബി.ഐ വിലക്കി. ഉപയോക്താക്കളുടെ ആവശ്യത്തെ തുടർന്ന് റിസർവ് ബാങ്ക് സമയ പരിധി മാർച്ച് 15 വരെ നീട്ടി നൽകിയിട്ടുണ്ട്.

ആർബിഐ നടപടിക്ക് ശേഷം ഇതുവരെ പേയ്‌ടിഎം ഓഹരി വിലയിൽ 50 ശതമാനത്തിലേറെ ഇടിവുണ്ടായി. പേയ്‌ടിഎം നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് ഏകദേശം 25,000 കോടി രൂപയാണ് നഷ്ടമായത്. അതേസമയം കാലാവധി നീട്ടി നൽകിയെന്ന വാർത്തയ്ക്ക് ശേഷം ഓഹരിയിൽ തിരിച്ചു കയറ്റം തുടങ്ങിയിട്ടുണ്ട്.