എസ്ബിഐയുടെ ഓഹരികളിൽ വൻ ഇടിവ്. ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് എസ്ബിഐയുടെ ഓഹരികൾ ഇടിഞ്ഞത്. സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും ചെയ്തതിന് പിന്നാലെ എസ്ബിഐ ഓഹരികളിൽ ഏകദേശം 2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ടത്. ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന സമയപരിധികൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത് എസ്ബിഐ ആണ്. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.