ഇലക്ട്രോണിക് ഹബ്ബാകാന്‍ കേരളം: വരുന്നു സെമികണ്ടക്ടര്‍ പാര്‍ക്ക്

Related Stories

ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത ആര്‍ജ്ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് കെല്‍ട്രോണ്‍, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക് & സെമി കണ്ടക്ടര്‍ അസോസിയേഷന്‍ (ESA) എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാ റിപ്പോര്‍ട്ട് മന്ത്രി തല യോഗം ചര്‍ച്ച ചെയ്തു. സെമി കണ്ടക്ടര്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ഫാക്ടറിയുടെയും മള്‍ട്ടി ലെയര്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (PCB) നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും വിശദമായ രൂപരേഖ തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു.

ലോകത്ത് വര്‍ധിച്ചുവരുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം മുന്‍ നിര്‍ത്തി കേരളത്തെ ഒരു ഇലക്ട്രോണിക് ഹബ്ബായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രപം നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അറിയിച്ചു. സെമി കണ്ടക്ടര്‍ അസംബ്ലിംഗ് ആന്‍ഡ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ്, സെമി കണ്ടക്ടര്‍ ഡിസൈന്‍ ആന്‍ഡ് ട്രെയിനിംഗ് ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യ ഘട്ടത്തില്‍ പാര്‍ക്കില്‍ ഉണ്ടാകുക. കൊച്ചിയിലും പാലക്കാടുമായിരിക്കും ആദ്യ യൂണിറ്റുകള്‍. പെരുമ്പാവൂര്‍ റയോണ്‍സിന്റെ ഭൂമിയും പാലക്കാട് ഡിഫന്‍സ് പാര്‍ക്കുമാണ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പരിഗണിക്കുന്നത്. കൊച്ചി സര്‍വ്വകലാശാല ഉള്‍പ്പെടെ കേരളത്തിലെയും രാജ്യത്തേയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുക. ജപ്പാന്‍, തായ്‌വാന്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ പ്രമുഖ കമ്പനികള്‍ പദ്ധതിയുമായി സഹകരിക്കും.

പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ ഏകദേശം 1000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. വിശദമായ പഠന റിപ്പോര്‍ട്ടിന്റെ (DPR)അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ചുള്ള തുടര്‍ തീരുമാനങ്ങള്‍ എടുക്കും. പത്താഴ്ചക്കുള്ളില്‍ DPR തയ്യാറാക്കും. നേരിട്ട് ആയിരം പേര്‍ക്കും പരോക്ഷമായി മൂവായിരം പേര്‍ക്കും തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ഇവ. ഇതിന്റെ ഭാഗമായി ഈ മേഖലയില്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു വ്യവസായികള്‍ക്കും സംരംഭകര്‍ക്കും അവസരമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories