തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് മസ്കിന്റെ ന്യൂറാലിങ്ക്

0
528

മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ച് ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പായ ന്യൂറാലിങ്ക്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണെന്നും പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ സംതൃപ്തനാണെന്നും മസ്ക് എക്സിൽ (മുൻപ് ട്വിറ്റർ) കുറിച്ചു. ട്രൂമാറ്റിക് മുറിവുകൾ സംഭവിച്ചവർക്ക് വേണ്ടിയാണ് ന്യൂറാലിങ്ക് ബ്രെയിൻ ഇംപ്ലാന്റ് ചെയ്യുന്നത്. ഇവരുടെ ചിന്തകളിലൂടെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറാലിങ്ക് സഹായിക്കും.

മനുഷ്യ മസ്തിഷ്കവും കംപ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016ൽ ഇലോൺ മസ്ക് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ന്യൂറാലിങ്ക്. മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് സ്ഥാപിക്കുന്നതിന് മുമ്പ് കുരങ്ങുകളിൽ പരീക്ഷിച്ചിരുന്നു. ഇതിനെതിരേ യുഎസിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. കഴിഞ്ഞ മേയിലാണ് മനുഷ്യരിൽ പരീക്ഷണം നടത്താൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ന്യൂറാലിങ്കിന് അനുമതി നൽകിയത്.

പാർക്കിൻസൺസ്, അൽഷിമേഴ്സ് രോഗികൾക്ക് ഇത് ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. ചിന്തിക്കുമ്പോൾ തന്നെ ഫോണോ കംപ്യൂട്ടറോ അതു നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാൾക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. ഏതെങ്കിലും തരത്തിലുള്ള അംഗഭംഗം വന്നവരായിരിക്കും ഇതിന്റെ പ്രാരംഭ ഉപയോക്താക്കൾ. ന്യൂറോൺ സ്പൈക് ഡിറ്റക്ഷനും ന്യൂറാലിങ്ക് ഉപയോഗിക്കാൻ സാധിക്കും.