രാജ്യത്തെ ട്രെയിൻ സർവീസുകൾ പൂർണമായി സ്തംഭിക്കും:സമരം പ്രഖ്യാപിച്ച് സംഘടനകൾ

0
242

രാജ്യത്തുടനീളമുള്ള ട്രെയിൻ സർവീസുകൾ നിർത്തുമെന്ന ഭീഷണിയുമായി റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവിധ യൂണിയനുകൾ. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോയിൻ്റ് ഫോറത്തിന് കീഴിൽ ചേർന്ന റെയിൽവേ ജീവനക്കാരുടെയും തൊഴിലാളികളുടെയും നിരവധി യൂണിയനുകളാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കിയില്ലെങ്കിൽ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നു മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് വിവിധ റെയിൽവേ യൂണിയനുകൾ അറിയിച്ചിരിക്കുന്നത്. സമരത്തിൽ ജോയിൻ്റ് ഫോറത്തിൻ്റെ ഭാഗമായ മറ്റ് സർക്കാർ ജീവനക്കാരുടെ നിരവധി യൂണിയനുകളും റെയിൽവേ തൊഴിലാളികൾക്കൊപ്പം പണിമുടക്കിൽ പങ്കുചേരുമെന്ന് ഫോറം കൺവീനറും ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ശിവ ഗോപാൽ മിശ്ര അറിയിച്ചു. മാർച്ച് 19ന് അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് നൽകും. മേയ് ഒന്നു മുതൽ പണിമുടക്ക് ആരംഭിക്കും.