ഇന്ത്യൻ ഐ.ടി കമ്പനികളിൽ ജീവനക്കാർ കുറയുന്നു

0
200

പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളിലെ ജീവനക്കാരുടെ എണ്ണത്തിൽ ഇടിവ്. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, വര്‍ധിച്ചുവരുന്ന ചെലവുകള്‍ ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് ഐ.ടി വ്യവസായം നേരിടുന്നത്. ഇതോടെ പല ഐ.ടി കമ്പനികളും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം കുറയ്ക്കുകയും ചെയ്യുന്നുമുണ്ട്.

ബെംഗളൂരു ആസ്ഥാനമായുള്ള ഐ.ടി സേവന കമ്പനിയായ ഇന്‍ഫോസിസില്‍ സെപ്റ്റംബര്‍ പാദത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 7,530 പേരുടെ കുറവാണുണ്ടായത്. തുടര്‍ച്ചയായ മൂന്നാം പാദത്തിലാണ് ജീവനക്കാരുടെ എണ്ണം കുറയുന്നത്. ഇതുവരെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. നിലവില്‍ 3.28 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദം പിന്നിടുമ്പോള്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ ആറായിരത്തിലധികം ജീവനക്കാരുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ നിലവില്‍ ടി.സി.എസിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6.08 ലക്ഷമായി.

ഐടി കമ്പനിയായ എച്ച്‌സിഎൽടെക്കിലും ജീവനക്കാരുടെ കുറവുണ്ടായി. 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 2,299 ജീവനക്കാരുടെ കുറവാണുണ്ടായത്. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 2,21,139 ആയി. തുടർച്ചയായ രണ്ടാം പാദമാണ് ജീവനക്കാരുടെ എണ്ണം കുറയുന്നത്.