സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങളുടെയും നൈപുണ്യ വികസനത്തിന്റെയും സംരഭകത്വത്തിന്റെയും സഹായവുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളാണ് സ്റ്റാളുകള്‍ തുറന്നിട്ടുള്ളത്. തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ എംപ്ലേയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സ്റ്റാളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളായ ശരണ്യ, ജോബ് ക്ലബ്, കൈവല്യ നവജീവന്‍ തുടങ്ങി വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. കൂടാതെ എംപ്ലോയ്‌മെന്റ് കാര്‍ഡ് രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയിസ്) നേതൃത്വത്തില്‍ സൗജന്യ ജോബ് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമാണിവിടെയുള്ളത്. തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. പ്ലമ്പര്‍, ഇലക്ടീഷന്‍, ഡ്രൈവര്‍, ടി.വി ആന്റ് കമ്പ്യൂട്ടര്‍ റിപ്പയറിംഗ്, ജിം ട്രെയിനര്‍ തുടങ്ങി 42 ഓളം സേവനങ്ങളാണ് ആപ്പിലുള്ളത്. സ്വദേശത്തും വിദേശത്തും തൊഴില്‍ നേടാന്‍ സഹായിക്കുന്ന തൊഴില്‍ പരിശീലന പരിപാടി എസ്‌പോയര്‍, തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി സങ്കല്‍പ് എന്നിവയുടെ സൗജന്യ രജിസ്‌ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അസാപ്പിന്റെ (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) സ്റ്റാളും മേളയിലുണ്ട്. ജില്ലയിലെ അസാപ് ട്രെയിനിംഗ് സെന്ററുകളായ തൊടുപുഴ, കട്ടപ്പന, കുമളി, രാജക്കാട് എന്നിവിടങ്ങളില്‍ നടത്തുന്ന നൈപുണ്യ വികസന കോഴ്‌സ്, ഫീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കൂടാതെ സംസ്ഥാനത്ത് അസാപ് നടത്തുന്ന കോഴ്‌സുകളുടെ വിശദ വിവരങ്ങളടങ്ങിയ ട്രെയിനിംഗ് കലണ്ടറുകളുടെ ബുക്ക്‌ലെറ്റും സ്റ്റാളില്‍ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്റ്റാളും പ്രദര്‍ശനത്തിലുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങളുടെയും വായ്പകളുടെയും വിശദാംശങ്ങളും സംരംഭകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക് ) സ്റ്റാളില്‍ ഇന്നവേറ്റഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കുന്ന സേവനങ്ങളെയും പരിചയപ്പെടാം. കൂടാതെ തൊഴിലും നൈപുണ്യവും വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ നിന്ന് വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കുന്ന ധനസഹായ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും വിശദവിവരങ്ങള്‍ മനസിലാക്കാം. വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേള മെയ് 4 ന് സമാപിക്കും.