സംസ്ഥാനസര്‍ക്കാറിന്റെ വികസനക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുമായി ബന്ധപ്പെട്ട് സ്വാഗത സംഘം ഓഫീസ് ചെറുതോണിയിൽ തുറന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനും അവര്‍ക്ക് മികച്ച സേവനം നല്‍കാനും കഴിയുന്ന സ്റ്റാളുകള്‍ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് ഏപ്രിൽ28 മുതൽ മെയ് 4 വരെ 7 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക . വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ , പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം , വ്യവസായം , കൃഷി തുടങ്ങിയ പ്രധാന മേഖലകള്‍ തിരിച്ച് സെമിനാറുകള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വർക്ക് ഷോപ്പുകൾ എന്നിവയുമുണ്ടാകും. കൂടാതെ പ്രാദേശിക കലാകാരന്മാർക്കും കലാസംഘങ്ങള്‍ക്കും മേളയില്‍ അവസരം ലഭിക്കും . എല്ലാ ദിവസവും പ്രഫഷണല്‍ കലാസംഘങ്ങളുടെ പരിപാടികളും അരങ്ങേറും. 28 ന് ചെറുതോണിയില്‍ നിന്ന് ആരംഭിച്ച് വാഴത്തോപ്പ് സ്‌കൂളിലെ മേള നഗരിയില്‍ എത്തുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാകും എന്റെ കേരളം മേളയ്ക്ക് തുടക്കമാകുക . ചടങ്ങില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. എസ് വിനോദ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, സി.പി ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാര്‍, സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, ഷിജോ തടത്തില്‍, ജോസ് കുഴിക്കണ്ടം, പി.കെ ജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാപാരഭവനില്‍ സംഘാടക സമിതി യോഗം ചേര്‍ന്ന് പ്രദര്‍ശനമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.
ചിത്രം:
എന്റെ കേരളം 2023′ മേളയുടെ സ്വാഗതസംഘം ഓഫീസ് ചെറുതോണിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു
എന്റെ കേരളം 2023′ മേളയുടെ സംഘാടക സമിതി യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു.