ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജിയോ ലോക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേക്ക് തുടക്കമായി. 2022 ഏപ്രിള്‍ ഒന്നിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഉത്പാദന, സേവന മേഖലയിലെ യൂണിറ്റുകളുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കും. വ്യവസായ വകുപ്പ് നിയോഗിച്ച എന്യൂമറേറ്റര്‍മാര്‍ മുഖാന്തിരമാണ് വിവരശേഖരണം. നിലവില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുടെ കൃത്യവും, പൂര്‍ണ്ണവുമായ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ ഓരോ മേഖലയ്ക്കും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയൂ എന്നതിനാല്‍ സര്‍വ്വേ്ക്ക് എല്ലാ സംരംഭകരും, വ്യവസായ അസോസിയേഷനുകളും പിന്തുണയും, സഹകരണവും നല്‍കേണ്ടതുണ്ട്.
വിവിധ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകുന്നതിന് സര്‍വ്വെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. ഇതിനായി കൃത്യമായ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാരുമായി പങ്കുവയ്ക്കണം. 2022-23 വര്‍ഷത്തില്‍ ആരംഭിച്ച 3100 സംരംഭങ്ങളുടെയും വിവരങ്ങള്‍ ഇന്റേണുകള്‍ മുഖേന ഡിജിറ്റലായി തന്നെ ശേഖരിച്ചിട്ടുണ്ട്. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ‘വ്യവസായ ജാലകം’ എന്ന സംവിധാനത്തിലേക്കാണ് വിവരങ്ങള്‍ ശേഖരിയ്ക്കുന്നത്.
                                    
                        


