ജനന തീയ്യതി തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. ജനുവരി 16ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും പുറത്തിറക്കി.
ആധാര്‍ ഒരു തിരിച്ചറിയല്‍ പരിശോധനാ രേഖയാണെന്നും അത് ജനന തീയ്യതി പരിശോധിക്കാനുള്ള രേഖയല്ലെന്നും അറിയിപ്പിൽ വിശദീകരണമുണ്ട്. അടുത്തിടെ പുറത്തുവന്ന ചില കോടതി വിധികളും തീരുമാനത്തിന് പിന്നിലുണ്ടെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി.
ആധാര്‍ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇപിഎഫ് അക്കൗണ്ടിലെ ജനനത്തീയതി മാറ്റാൻ ആവശ്യമായ രേഖകൾ ഇനി പറയുന്നവയാണ്. അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കിൽ സര്‍വകലാശാല നല്‍കിയ മാര്‍ക്ക് ഷീറ്റ്, പേരും ജനന തീയ്യതിയും രേഖപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് / സ്കൂൾ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വീസ് റെക്കോര്‍ഡുകള്‍ പ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൾ, പാൻ കാര്‍ഡ്, സെന്‍ട്രൽ/സ്റ്റേറ്റ് പെന്‍ഷൻ പേയ്മെന്റ് ഓര്‍ഡര്‍, സര്‍ക്കാര്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‍പോര്‍ട്ട്, സര്‍ക്കാര്‍ പെൻഷൻ, സിവിൽ സര്‍ജന്‍ നൽകുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്.