യൂറോപ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള അനുകൂല സമീപനം കുറയുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ സർവേ. സർവേയിൽ ഉൾപ്പെടുത്തിയ അഞ്ച് രാജ്യങ്ങളിൽ, ഇന്ത്യക്ക് അനുകൂലമായ കാഴ്ചപ്പാടുകൾ 10 ശതമാനമോ അതിൽ കൂടുതലോ കുറഞ്ഞു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള സ്ഥാപനം ഫെബ്രുവരി 20 നും മെയ് 22 നും ഇടയിൽ 24 രാജ്യങ്ങളിലായി 30,861 ആളുകൾക്കിടയിലാണ് സർവേ നടത്തിയത്. 2008-ൽ 70 ശതമാനം ആളുകൾക്ക് ഇന്ത്യയെക്കുറിച്ച് അനുകൂലമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന ഫ്രാൻസിൽ ഇപ്പോൾ 39 ശതമാനം പേർക്ക് മാത്രമാണ് അനുകൂല കാഴ്ച്ചപ്പാടുള്ളത്. സ്പെയിനിലും ഇന്ത്യയോടുള്ള അനുകൂല മനോഭാവത്തിൽ ഗണ്യമായ കുറവുണ്ടായി.
2007-ലെ 48 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, സ്പെയിനിൽ 34 ശതമാനം ആളുകൾക്കാണ് ഇന്ത്യയെക്കുറിച്ച് നല്ല പ്രതിച്ഛായയുള്ളത്. ജർമ്മനിയിൽ ഇത് 60 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറഞ്ഞു. പോളണ്ടിൽ അനുകൂലത 59 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് കുറഞ്ഞത്. യുകെയിൽ അനുകൂലത 75 ശതമാനത്തിൽ നിന്ന് 66 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, മുകളിൽ സൂചിപ്പിച്ച എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയുടെ ആഗോള സ്വാധീനം 2008 മുതൽ അതേപടി തുടരുന്നുവെന്നാണ് വിശ്വസിക്കുന്നത്.
സർവേയിലെ കണ്ടെത്തലുകൾ ഇന്ത്യയുടെ സ്വാധീനത്തെക്കുറിച്ച് ഇന്ത്യക്കാർ കരുതുന്നതിന് വിരുദ്ധമാണ്. സമീപ വർഷങ്ങളിൽ രാജ്യത്തിന്റെ സ്വാധീനം വർധിച്ചതായാണ് 68 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നത്. ഓസ്‌ട്രേലിയ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യ കൂടുതൽ ശക്തമാകുമെന്ന് വിശ്വസിക്കുന്ന രാജ്യങ്ങൾ. യുഎസിൽ 23 ശതമാനം പേർ മാത്രമാണ് ഇന്ത്യയുടെ പ്രതിച്ഛായ ശക്തമാകുന്നു എന്ന് വിശ്വസിക്കുന്നത്. 64 ശതമാനം പേർ പറയുന്നത് സ്വാധീനത്തിൽ മാറ്റമില്ലെന്നാണ്. ബാക്കിയുള്ള 11 ശതമാനം പേർ സ്വാധീനം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു