അതിര്‍ത്തിയില്‍ ലഹരിക്കടത്തിന് തടയിടാന്‍ കെമു (കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ) ഇന്ന് ആരംഭിക്കും. തിരുവനന്തപുരം അമരവിളയില്‍ പട്രോളിംഗ് യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കും. പ്രധാനപ്പെട്ട ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കി ഊടുവഴികളിലൂടെയുളള മദ്യത്തിന്റേയും, മയക്കുമരുന്നിന്റേയും, സ്പിരിറ്റിന്റേയും കടത്ത് പ്രതിരോധിക്കുന്നതിനാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 4 മൊബൈല്‍ പട്രോളിംഗ് യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഇവ തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലയിലെ സംസ്ഥാന അതിര്‍ത്തി പ്രദേശത്ത് വിന്യസിക്കും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണിത്.
നിലവില്‍ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ 41 ചെക്ക്‌പോസ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട 22 ചെക്ക്പോസ്റ്റുകളില്‍ സി സി ടി വി സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ചെക്ക്‌പോസ്റ്റിലൂടെയല്ലാതെ ഊടുവഴികളിലൂടെയും കാട്ടുപാതകളിലൂടെയും ഇടറോഡുകളിലൂടെയും അതിര്‍ത്തി കടന്ന് ലഹരി വസ്തുക്കള്‍ എത്തുന്നുണ്ട്. ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് കെമു നടപ്പിലാക്കുന്നത്. കാട്ടുപാതകള്‍ വഴിയും ഊടുവഴികള്‍ വഴിയും വാഹനത്തിലും തലച്ചുമടുമായെല്ലാമുള്ള ലഹരി കടത്തിന് കെമുവിലൂടെ തടയിടാനാകും. ഈ ജില്ലകളിലെ സംസ്ഥാന അതിത്തികളിലെ ഇടറോഡുകള്‍ കേന്ദ്രീകരിച്ചാകും പട്രോളിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. എക്‌സൈസിന്റെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ കെമു സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.